12:25am 03 November 2026
NEWS
വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം

09/01/2025  03:54 PM IST
nila
വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെയും പ്രതി ചേർത്ത് സി.ബി.ഐ കുറ്റപത്രം

കൊച്ചി: വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ ഒറ്റമുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെയും സിബിഐ പ്രതിചേർത്തു. കൊച്ചി സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് പെൺകുട്ടികളുടെ മാതാപിതാക്കളെയും പ്രതിചേർത്തിരിക്കുന്നത്. രണ്ട് പെൺകുട്ടികളുടെയും മരണത്തിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സി.ബി.ഐ അന്വേഷണത്തിലെ കണ്ടെത്തൽ. 

ആത്മഹത്യ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡനവിവരം അറിഞ്ഞിട്ടും അതുമറച്ചുവെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. കുട്ടികൾ പലതവണ ചൂഷണത്തിനിരയായ വിവരം മാതാപിതാക്കൾ നേരത്തെ അറിഞ്ഞിരുന്നതായാണ് സി.ബി.ഐ. അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

വാളയാറിലെ പെൺകുട്ടികളുടെ മരണം ആത്മഹത്യയാണെന്നായിരുന്നു സി.ബി.ഐ.യുടെയും കണ്ടെത്തൽ. കേസിൽ നേരത്തെ സി.ബി.ഐ. കുറ്റപത്രം സമർപ്പിക്കുകയുംചെയ്തിരുന്നു. എന്നാൽ, കോടതി നിർദേശപ്രകാരം തുടരന്വേഷണം നടത്തി. ഈ അന്വേഷണത്തിനൊടുവിലാണ് കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2017 ജനുവരി13, മാർച്ച് നാല് തീയതികളിലായാണ് പെൺകുട്ടികളെ ഒറ്റമുറി ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img